Tuesday, July 22, 2014

പ്രണയം

എഴുതുമ്പോൾ കൈ വിറയ്ക്കുന്നു... കണ്ണുകളിൽ പെയ്തു തുടങ്ങിയ,എന്നാൽ ഗുരുത്വാകർഷണത്തെ വകവെയ്ക്കാതെ കെട്ടിക്കിടക്കുന്ന രണ്ടു ചുവന്ന തടാകങ്ങൾ. താളമില്ലാത്ത ഏതോ പാട്ടിനൊത്ത് താളഭേദങ്ങൾ വന്ന് മായുന്ന  പാദങ്ങൾ. പേന പിടിയ്ക്കാനാകുന്നില്ല. വിറച്ചു വിറച്ചു അത് കയ്യിൽ നിന്നും വഴുതി വീണത്‌, മുനയൊടിയാനല്ല, ഉള്ളിലെ മഷി പടർത്താൻ വേണ്ടിയായിരുന്നു; അതൊലിച്ച് ചാലുകളായി മാറിയപ്പോൾ ആ കറുത്ത പ്രതലത്തിൽ എന്റെ മുഖം കാണാനുള്ള  കണ്ണാടിയാകാനായിരുന്നു. കറുത്ത കണ്ണാടിയിൽ, കറുത്ത മുഖം!


ചിന്നിച്ചിതറിയ ചുവന്ന കുപ്പിവളകൾ.. സ്വാതന്ത്ര്യത്തിന്റെ കറുപ്പ് അവയേയും പൊതിയുന്നു. ഹ! രണ്ടു ദശാബ്ദം എന്നെ സംരക്ഷിക്കുകയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിച്ച ചുവന്ന കൈവിലങ്ങുകൾ. 
കറുത്ത കണ്ണാടിയിൽ നോക്കി ഓരോ മുടിയിഴകളെയും കഴുത്തറുത്തു കൊല്ലുമ്പോൾ സിരയിൽ വിരിയുന്ന പുഞ്ചിരി എന്നെ മത്തു പിടിപ്പിച്ചു. അതൊരു ലഹരിയായി മനസ്സിൽ വന്നടിഞ്ഞു. തണുത്ത കൈകൾക്ക് ചൂട് പകരാനുള്ള രക്തത്തിനൊപ്പൊം അവയും അലിഞ്ഞു ചേർന്നു.


വേനലിന്നാകാശത്തിൽ നിന്നും കടമെടുത്ത നീലിമയിൽ വാർത്തെടുത്തൊരു മുഖംമൂടി! ഇന്നെന്റെ വേഷമിത്. നിമിഷനേരം കൊണ്ട് മുഖം മാറ്റുന്ന മുഖംമൂടി.. ഈ യുഗത്തിന്റെ ഭ്രൂണത്തെ ഉണരും മുൻപേ വധിയ്ക്കുന്ന നാറുന്ന സമൂഹത്തിൻ വന്ധ്യതയെ കബളിപ്പിയ്ക്കാനുള്ള ഘനമുള്ള, കട്ടിയുള്ള തിരശ്ശീല. എന്നാത്മാവിന്നധീനതയെ  വെല്ലുവിളിയ്ക്കാൻ വെളുത്ത രാക്ഷസന്മാരെ അനുവദിയ്ക്കാത്ത അസുരവിത്ത്‌!


എന്റെ കൂടിന് പുറത്തിറങ്ങാൻ വിസമ്മതിച്ച കാലുകളെ വെട്ടി മാറ്റി, ആ രക്തം മഷിക്കുപ്പിയിൽ നിറച്ച് യാത്ര തിരിച്ചു. സമൂഹത്തിന്റെ തൊട്ടുതീണ്ടായ്മകൾ നടപ്പിന്റെ വേഗം കൂട്ടാനുള്ള ഇന്ധനമായി. ചെവിട് കേൾക്കാത്ത കുഞ്ഞിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന അപ്പനപ്പൂപ്പന്മാർ. അവരുടെ പിറന്നാളാശംസകൾ കേൾക്കാനാകാതെ കണ്ണ്കൂർപ്പിച്ചപ്പോൾ വന്ന് വീണൊരു തീപ്പൊരിയിൽ നിന്ന് തുടങ്ങി പിന്നീടന്ധത. 


സമൂഹമേ! പറയൂ നീ നിന് നന്ദി വിധിയോടു മാത്രം. നിന്റെ  വിരലുകളിലെ നഖമായി പിറന്നു വീണ വിധിയെന്ന കൃമികീടത്തോടു മാത്രം!

ആരുടെയോ ചായക്കൂട്ടിൽ നിന്നും ഉദ്ധരിച്ച ഈ കാഴ്ചകൾ ഇനിയീ ചുവന്നാകാശത്തിലെ കാക്കകൾ! ചക്രവാളത്തിന്നറ്റത്തെ തൂക്കാൻപാറയിൽ കുടിൽ വെച്ച് പാർക്കാൻ പോകുന്നു ഞാൻ.
  
പൂർവാശ്രമത്തിലെ അമ്മയെ,അച്ഛനെ, മറ്റ് നിഴലുകളെ ഞാൻ കണ്ടൂ പോകുംവഴി. ആരാലും തിരിച്ചറിയാത്ത വിധം മാറപ്പെട്ടിരിക്കുന്നൂ എൻ മുഖം. അഥവാ മറയ്ക്കപ്പെട്ടിരിക്കുന്നൂ,സമർത്ഥമായി, അതിവിദഗ്ദ്ധമായി.

നടക്കുമ്പോൾ തോന്നിയൊരു സംശയം..ആരോ എൻകൂടെ നടക്കുന്നുവോ?? തിരിഞ്ഞു നോക്കിയപ്പോഴൊന്നും കാണാതിരുന്ന ആ സത്വത്തെ കണ്ടു ഞാനെൻ മഷിക്കണ്ണാടിയിൽ. വിയർപ്പൊലിചു, കിതച്ചു കൊണ്ട് തളർന്നു വീണൊരു പ്രാണൻ. ഒരു നിമിഷത്തിന്റെ ആർദ്രതയിൽ, പിടയുന്ന ആ ഹൃദയമിടിപ്പിനെ ഞാനേറ്റു വാങ്ങി. 

എന്റെ കുടിലിന്റെ വരാന്തയിൽ പ്രാണന് തണലൊരുക്കി. ചൂടേകുവാനായ് തൂക്കിയിട്ടൂ,  ഒരു റാന്തൽ. പകലില്ലാത്തൊരു ലോകത്തിൽ പ്രാണൻ വളർന്നു. ദൂരെ മിന്നുന്ന ഒരു വാൽനക്ഷത്രത്തിൻ വെളിച്ചത്തിൽ തുറന്നൂ, വായനയുടെ ലോകം. ആശയങ്ങളുടെ വാക്പോരിൽ വീശിയടിച്ച മണൽക്കാറ്റിൽ പറന്നു വന്ന പ്രാണികൾ മുറ്റത്ത് ചത്തു വീണു. അവയുടെ പുറന്തോട് കൊണ്ട് വിശപ്പടക്കി. എന്നാൽ ദാഹം!! അതെന്തെന്ന് പ്രാണൻ അറിഞ്ഞിരുന്നില്ല. മഴ പെയ്യാത്ത മുറ്റത്ത്, ശാശ്വതമായ ഇരുട്ടിൽ വളർന്ന മുൾചെടിക്കും അറിയില്ല ദാഹമെന്തെന്ന്. ഈ ലോകത്തിൽ അതറിയാവുന്നത് എനിക്ക് മാത്രം.

വളർന്നു തുടങ്ങിയ പ്രാണന് പടർന്നു പന്തലിക്കാൻ ഒരു നാൾ തോന്നി. 

കാലാകാലങ്ങൾക്ക് മുൻപ് കൊട്ടിയടച്ച് പൂട്ടിയ വാതിലിന്റെ താക്കോൽ ഞാനെടുത്തു കൊടുത്തു, ഒരു ചന്ദനപ്പെട്ടിയിലാക്കി. പ്രാണൻ നടന്നകന്നു. ചക്രവാളത്തിന്നറ്റത്തെ വാതിൽ ലക്ഷ്യമാക്കി കൊണ്ട്. ഒരു കൊള്ളിയാൻ മിന്നിയ പോൽ ആ വാതിൽ തുറന്നടന്നു. ഈ കാത്തിരിപ്പിൻ ഇടവേള ഒരു പകൽ മാത്രം. ഹഹ!!രാത്രിയെ മാത്രം കണ്ട് ശീലിച്ച എൻ കുടിലിൽ ഇനിയെന്നൊരു പകൽ വിടരാൻ?? പൂട്ടിവെയ്ക്കപ്പെട്ട ചക്രവാളത്തിൽ താളമായിരുന്നത് പ്രാണന്റെ നിശ്വാസങ്ങൾ മാത്രമായിരുന്നു. പ്രാണനറ്റ ചക്രവാളം!

ഒരുനാൾ 
യുഗങ്ങൾക്കപ്പുറത്ത്‌ നിന്ന് കേട്ടു, പ്രാണന്റെ വിളി. 

കരിവാളിച്ച കണ്ണുകളുമായി, വിറയാർന്ന കൈകളുമായി പ്രാണൻ ഒരിക്കൽ കൂടി ചക്രവാളത്തിൽ പ്രവേശിച്ചു. എതിരേൽക്കുവാൻ ചെന്നപ്പോൾ കണ്ടത്, പ്രാണന്റെ മുഖത്തെ മഷിക്കണ്ണാടി!! അതെ, ആ കണ്ണാടി തന്നെ! അതോ, എൻ പ്രതിച്ഛായയോ? വിശ്വാസം വരാതെ നോക്കി നിൽക്കുന്തോറും, കറുപ്പ് കുറഞ്ഞു വരുന്നു..അല്ല! കണ്ണാടിയിൽ നിന്നും മഷിയറ്റു വീഴുന്നു.. അത് തെളിഞ്ഞ് തെളിഞ്ഞ് പാണ്ട് പിടിച്ച എന്റെ മുഖം കാട്ടിത്തരുന്നു. എന്റെ കണ്ണിൽ പ്രാണൻ വിളങ്ങി. പ്രാണന്റെ പുതുരൂപം!

വാതം വന്ന കാലുകൾക്ക് ഇനിയും താങ്ങാനായില്ല, പ്രാണന്റെ ഭാരം. പ്രാണൻ വീണ വേളയിൽ,
ധൂമപാളികളുണർന്നു.

"ദാഹം...വല്ലാത്ത ദാഹം."- കേഴുന്നു, പ്രാണൻ. ചക്രവാളത്തിനു പുറത്തുള്ള വെളുത്ത രാക്ഷസൻ പഠിപ്പിച്ചത്രെ ദാഹമെന്തെന്ന്! ആ വെളുത്ത രാക്ഷസനെ  തക്കത്തിനു കൊല്ലാൻ പാത്തുവെച്ച വാളെടുത്തു ഞാൻ കഴുത്തിലൊന്നു പോറി. അപ്പോൾ പൊടിഞ്ഞ ചോരയുടെ നനവ് പോരത്രെ, പ്രാണന്! ആഴത്തിന്റെ അളവ് കൂട്ടി ഒന്ന് കൂടി എന്റെ കഴുത്തിനെ വാളാൽ അനുഗ്രഹിച്ചു. ചുവന്ന പട്ടുപോലെ ഒഴുകുന്ന ചോരയിൽ മതിവരുവോളം ദാഹം തീർത്തു, പ്രാണൻ. ആ കണ്ണുകളിലെ സംതൃപ്തിയിൽ ഞാൻ പുളകിതയായി. ആ രോമഞ്ചത്തിൽ ഒത്തു ചേരാൻ ഞാൻ പ്രാണനെ ക്ഷണിച്ചു. ജീവിതത്തിലാദ്യമായി പ്രണയത്തിന്നർത്ഥം ഞാനറിഞ്ഞു.. 

മരണത്തെ ഒരുമിച്ചു പുൽകിയ നിമിഷത്തിൽ തോന്നിയ പ്രണയത്തെ, സ്വന്തം പ്രാണനോടുള്ള പ്രണയത്തെ കണ്ടു ചിരിച്ച വാൽനക്ഷത്രമേ! ഇനി കാത്തിരിക്കൂ, മറ്റൊരു അസുരവിത്തിനായ്!
   

Tuesday, January 28, 2014

പച്ച മനുഷ്യർ!

 IISER Pune-യിൽ എനിക്കൊത്തിരി പ്രിയപ്പെട്ട രണ്ടാത്മാക്കളുണ്ട് . ഇതവർക്ക് വേണ്ടി..


രണ്ടു പേരുണ്ട്. പച്ചനിറമുള്ളവർ. ചുണ്ടുകൾ ചുവന്നത്. കൈകൾ തൂവെള്ള. ദൂരെ നിന്ന് നോക്കുമ്പോൾ രണ്ടായിത്തന്നെ കാണാം.അടുത്ത് വരുന്തോറും ഒന്നായി മാറും. തൊട്ട് നോക്കിയാൽ പോലും രണ്ടെന്നു തോന്നില്ല.


ആ കൈകൾ കൊണ്ട് അവരെന്നെ നോക്കി മന്ദഹസിക്കാറുണ്ടായിരുന്നു .പക്ഷെ, ശബ്ദം..! അതെനിക്കൊർമ്മയില്ല. അവർ സംസാരിച്ചപ്പോളൊക്കെ എന്റെ തലച്ചോറ് കേട്ടത് വെടിയൊച്ചയായിരുന്നു.


രാവിലത്തെ ആദ്യത്തെ സൂര്യരശ്മിയെ പിന്തള്ളി എന്നിലേക്കെത്തിയ ചിരിച്ച കൈകളുണ്ടായിരുന്നു,അവർക്ക്! അവ വീശുമ്പോൾ ഞാനെന്റെ നരച്ച കൈകളിലേക്ക് നോക്കും. വാതം വന്ന് തളർന്നെന്നു ഞാൻ കരുതിയ എന്റെ കൈകൾ ഒരു ദിവ്യാത്ഭുതമെന്ന പോലെ, ആ സന്തോഷം അവർക്ക് മടക്കിക്കൊടുക്കുന്നത് കണ്ട് ഞാനങ്ങനെ എല്ലാ ദിവസവും ഞെട്ടിത്തരിച്ചിരുന്നു.


അവർ നടക്കുന്ന വഴിയിൽ തണലേകാനായ് മരങ്ങൾ നീണ്ട് നീണ്ട് വളർന്നു, പന്തലിച്ചു. ചിലപ്പൊഴൊന്നു വേരറ്റുപോകും വരെ ചലിച്ചു. എന്തിനധികം പറയുന്നു. സൂര്യനുദിക്കുന്നതും നിലാവ് പരക്കുന്നതും അവർക്ക് വഴിവെളിച്ചം ഒരുക്കാനായിരുന്നു.


പെട്ടെന്ന് ചൂട് കൂടിയ ഒരു രാവായിരുന്നു,അന്ന്. അസഹ്യമായ ചൂട്. മുറിക്ക് പുറത്തിറങ്ങി. പുറത്തു കണ്ട മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും, അങ്ങനെ സർവരും നഗ്നർ! മഞ്ഞമേഘങ്ങളാൽ മൂടപ്പെട്ട ആകാശം. ചുടൽക്കാറ്റ് വീശുന്നു,എല്ലായിടവും. നഗ്നരെല്ലാം മഴരാക്ഷസനോട് പ്രാര്‍ത്ഥിച്ചു. ഇനിയേതു നിമിഷവും മഴ പെയ്യും..മാമഴ!! നഗ്നർ ആശ്വസിച്ചു.


ഇവരിൽ നിന്ന് മാറിനിന്ന പച്ചമനുഷ്യരുടെ കൈകളിലെ ചിരി മങ്ങിയിരുന്നു,അപ്പോൾ. വലത്തേ ഭാഗത്തുള്ള എന്റെ ചങ്ക് അസാധാരണമായി ഓടിപ്പുറപ്പെടാൻ കുതിക്കുന്നത് ഞാനറിഞ്ഞു.എന്റെ ഇടത്തെ നെഞ്ചിൽ കുഴൽ വെച്ച് പരിശോധിച്ച്, ഞാൻ മരിച്ചെന്ന് വിധിയെഴുതിയ മഹാനായ ഡോക്ടറും നഗ്നരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹ!!


എങ്ങുനിന്നും നീരാവി ഉയരാൻ തുടങ്ങി. അതോ, നീരാവി വന്ന് പതിയ്ക്കുകയായിരുന്നോ, മണ്ണിൽ? മഞ്ഞമേഘങ്ങൾ കരയാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികളുടെ പ്രഹരത്തിന്റെ ചൂടായിരുന്നു, നീരാവിയായി വേഷമിട്ടത്.


നഗ്നരെല്ലാം ഒന്ന് പകച്ചു. ചൂടുമഴ!അടുത്ത നിമിഷാർദ്ധത്തിൽ എല്ലാം  ആനന്ദനൃത്തത്തിലാറാടി!! ചൂടുമഴ കൊണ്ട് നഗ്നരെല്ലാം വെളുത്തുപോയി.. അവരുടെ വെളുപ്പും, പച്ചമനുഷ്യരുടെ കൈകളുടെ വെളുപ്പും തമ്മിൽ നൂറു യുഗാന്തങ്ങളുടെ വ്യതിയാനം.


മഴയേറ്റ് പച്ചമനുഷ്യർ അലിയുന്നു, ഒലിച്ചു പോകുന്നു. ആ പച്ച നിറം ഭൂമിയാകെ പടരുന്നു,നിറഞ്ഞൊഴുകുന്നു.. അവരപ്പോഴും എന്നോടെന്തോ പറഞ്ഞു. ഇത്തവണ കേട്ടത് വെടിയോച്ചയല്ല. ഇടിവെട്ട് ! ഘനഗാംഭീര്യമായ ഇടിവെട്ട് ! ചൂടൻ മഴയെ ശപിച്ചുകൊണ്ടുള്ള ഇടിവെട്ട് ! ഇനിയൊലിക്കാൻ അവരുടെ കൈകൾ മാത്രം ബാക്കി. ആകാശത്തേയ്ക്കുയരുന്ന വികൃതമായൊരു ആകാരത്തെ നോക്കി ഞാൻ നിന്നു. ചിരിച്ച് മാത്രം ഞാൻ കണ്ടിട്ടുള്ള ആ തൂവെള്ള കൈകൾ അസ്ഥിയായ് മാറുന്നതും, ആകാശത്തിൽ നിന്നും ഭൂമിയെ മാറോടണയ്ക്കാനെന്ന പോലെ നീട്ടുന്നതും, ഇടിമിന്നലായ് മാറുന്നതും ഞാൻ കണ്ടു.


മഴ മാറി. ഏവരും നഗ്നത മറയ്ക്കാനായോടി. പച്ചയിൽ മുങ്ങിക്കിടന്ന ഭൂമിയുടെ മധ്യത്തിൽ ഒരു ഗുൽമോഹർ പൂവ്. പച്ചമനുഷ്യരുടെ ചുണ്ടാകണം! അതെടുത്ത് ചെവിയോടണച്ചു.. മേഘഗർജ്ജനം!!!

 ആ ഞെട്ടലിൽ എന്റെ ഹൃദയം പുറത്തേയ്ക്ക് ചാടി. ഓരോ തവണയും ആ പച്ചമണ്ണിൽ കിടന്ന് അത് സ്പന്ദിച്ചപ്പോൾ.... വെടിപൊട്ടുന്ന ശബ്ദം!  േഠ!  േഠ!  േഠ!

Sunday, November 17, 2013

പുനർജന്മം

എന്നോ മറഞ്ഞൊരാ മാരിവില്ലിനെത്തേടി,
പാടാൻ മറന്നൊരാ പാട്ടിനീണവും മൂളി,
ഏകാന്തമാം പാതയിൽ പഥികയായി ഞാൻ.
അനന്തതയിൽ കണ്ണുചിമ്മി മേവുന്ന താരമോ,
വഴിവിളക്കായി മാത്രം കണ്മുൻപിൽ നിൽപ്പൂ.

"ആര് നീ,
പ്രകൃതിതൻ നിഗൂഢതയിൽ മഥിക്കുവാൻ,
ച്ചുടുചോരകൊണ്ട് ഭൂമിയുടെ മാറിൽ,
എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ വറ്റാ-

ത്തൊരാഴിയെ സൃഷ്ടിക്കുവാൻ?
സുഷുപ്തിയിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ,
പരമാത്മാവിൻ പുതുഭാവമോ,
അതോ സത്യത്തിൻ നവചൈതന്യമോ?

ജനിച്ച് വീണതീമണ്ണിൽ.
കാതങ്ങൾ താണ്ടി,

മരണത്തിലേക്കടുക്കുന്നതും ഇതേ മണ്ണിൽ!
എന്തിനിങ്ങനെ വെറുതെ തേങ്ങീടുന്നൂ?
തുളയുള്ളോരോട്ടുപാത്രമാം മനുജനിൽ നിന്നെ-
ന്നേ ചോർന്നുപോയ് സൃഷ്ടിതൻ രഹസ്യം!
അതിലൊരു കണ്ണിയാം വികൽപ്പമാം മി
ഥ്യെ,
മറക്കുക നിന്നെ, നേരിൻ നിഴലിനെ."

ആ ശബ്ദത്തിന്നുറവിടം ചലിയ്ക്കുന്നു,
അതിവേഗം, സ്പഷ്ടതയിലേക്ക്.
വേർതിരിക്കാനാകുന്നു സമൂഹത്തിൻ നാദം,
എൻ ജീവദാതാക്കൾതൻ മൗനത്തിൽ നിന്നും.
സൗഹൃദം നിഷ്ക്രിയയായ് നോക്കി നിന്നുവോ?
ഇല്ല, ഉണ്ട് നിനക്കുമൊരു പങ്കതിൻ പിൻവാതിലിൽ.
ജലത്തിൽ വിഹരിയ്ക്കുമാ വിഴുപ്പിൻ തന്മാത്രകളായ്,
ഏതാന്ധകാരത്തിലും സർവ്വം സുവ്യക്തം!

കഴിയുകയില്ല മറ്റൊരു വീണപൂവാകാൻ.

സിരയിൽ നിന്നോഴുകിയ ശബ്ദവീചികൾ,
കർണങ്ങളെ തേടിയലയുന്ന വേതാളങ്ങളായ് .
ഒരു നൂറു കോലാഹലങ്ങൾക്കിടയിലും ബധിരയായ് മൂകയായ് ,
എന്നാത്മാവിനെ ചങ്ങലയ്ക്കിട്ട പാപിയായ്,
കഴിയുന്നു ഞാനിന്നേതോ ഇരുട്ടു കോണിൽ.
ഓർമകളുടെ കലവറയാകില്ലിനിയീ 

പഞ്ചഭൂതങ്ങൾ തീർത്ത തടവറ.


ഇരുട്ടിന്മടിയിലുറങ്ങാനാകാതെ,
നടന്നൂ ഞാനെന്നത്മാവിനെത്തേടി.
ജയിക്കാനാകുമോ എൻ യാഗാശ്വത്തെ,

യുഗാന്തങ്ങളെ ഭരിക്കുന്നയീ പ്രപഞ്ചശക്തിയെ? 
കാലമേ, മുട്ടുമടക്കുക നീ!
പറന്നുയരുന്നു ഞാനിന്നാകാശത്തിന്നറ്റം വരെ,  
എൻ തത്വശാസ്ത്രങ്ങൾ തീർത്ത അമൂർത്ത പ്രപഞ്ചത്തിൽ.
ഇതിന്നെനിക്കൊരു പുനർജന്മം!



Tuesday, October 8, 2013

പ്രഥമപ്രതിശ്രുതി

ആശാപൂർണ്ണാ ദേവിയുടെ,ജ്ഞാനപീഠത്തിനർഹമായ ബംഗാളി നോവൽ 'പ്രഥം പ്രതിശ്രുതി'യിലെ നായിക സത്യവതിയുടെ ഓർമ്മക്കായ്‌... 







ഭൂമിയുടെ കർമമണ്ഡലങ്ങളിൽ സാക്ഷിയാവാൻ സൂര്യനൊരുങ്ങുന്നതേയുള്ളൂ.ചീവീടിന്റെ വിറങ്ങലിച്ച ശബ്ദത്തിൽ മാനവികത മയങ്ങുകയാണ്,ഒന്നുമറിയാതെ,എന്നാലെല്ലാമറിയാവുന്ന ഭാവത്തിൽ സുഖനിദ്രയിൽ;യമുനാനദിയുദെ പ്രവാഹം തീർത്ത സംഗീതം കാതോർത്ത് കൊണ്ട്,ഗോകുലവും.

അവളും ഉറങ്ങുകയാണ്‌.സുഷുപ്തിയുടെ അഗാധ ഗർത്തങ്ങളിൽ അവൾ തേടുന്നത്.....? അജ്ഞാതം! ശാന്തഭാവത്തിൽ,സ്വപ്നങ്ങളിൽ അഭയം പ്രാപിയ്ക്കുന്ന ഇവളെ നമുക്ക് ഇന്ദുമുഖിയെന്നു വിളിക്കാം.ഇന്ദുമുഖിയുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്ന അവസാന രാത്രിയവമിത്.ജീവിതത്തിന്റെ,സമൂഹത്തിന്റെ വിഭ്രാന്തികളുടെ റാന്തൽ വെളിച്ചം വീഴുന്ന ഈ മുഖത്തിന്‌ സന്തോഷം പകരാൻ ഈ രാവിനാകുമെങ്കിൽ,നേരം പുലരാതിരിയ്ക്കട്ടെ. മനസ്സ് നിറഞ്ഞു വിരിഞ്ഞു നില്ക്കുന്ന നീലയാമ്പലുകൾ ശ്വേതമുഖനാം പ്രാണനാഥനെ വിട്ടുപിരിയാതിരിയ്ക്കട്ടെ.സൂര്യരശ്മികൾ ഈ മണ്‍തരികളെ പുൽകാതിരിയ്ക്കട്ടെ.നിന്ന് പോകട്ടെ,ഭൂമിയുടെ സ്പന്ദനം!

ജല്പനങ്ങൾക്ക് കാതോർക്കുന്നവളല്ല പ്രകൃതി.നേരം പുലരുന്നു.തൊഴുത്തിലെ പശുക്കളുടെ കരച്ചിൽ കേട്ടവൾ കണ്ണുകൾ വിടർത്തി - ഒരായിരം സ്വപ്‌നങ്ങൾ പേറുന്ന കണ്ണുകൾ.അവയിപ്പോൾ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ്.കണ്ണൻ സൂര്യസ്നാനമഹോത്സവത്തിന് അമ്പാടിയിലെത്തുമിന്നു.അവനെ,അല്ല! അദ്ദേഹത്തെ,ആ ഈശ്വരതുല്യനെ, താനെങ്ങനെ സ്വീകരിക്കും? ആ പ്രഭാവത്തെ താനേതു ഭൂതക്കണ്ണാടിയിലൂടെ സ്വന്തം മനസ്സിൽ കേന്ദ്രീകരിക്കും!

പെട്ടെന്ന് ചിന്തകൾ മരവിച്ചു.തൊണ്ടയിൽ വലിഞ്ഞു മുറുകുന്ന വരൾച്ച...മനസ്സ് വിറയ്ക്കുന്നു.മനസ്സിന്റെ വിഭ്രാന്തിയായിരുന്നു ഇതുവരെ.ഇപ്പോൾ ബുദ്ധിയുടെ ശബ്ദവീചികൾ കേൾക്കാം...വ്യക്തമായി.ഗ്രാമമുഘ്യന്റെ വാക്കുകൾ ചിന്തകളിൽ അലയടിച്ചു : "വിധവയായ ഒരുവൾക്ക്‌ ഉത്സവങ്ങളിലും മറ്റും പങ്കെടുക്കാനാവില്ല.നമ്മുടെ സംസ്കാരത്തെ മറികടക്കാൻ ഒരു സ്ത്രീയും അതിനുപരി,വിധവയുമായ നിനക്ക് സാധിക്കില്ല." മരവിപ്പിന്റെ നരച്ച കരങ്ങൾ ഏതോ ഒരു ശൈത്യഭാവത്തിലേക്ക്  തന്നെ വലിച്ചടിപ്പിയ്ക്കുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേരിലുണ്ടായ വാദിപ്രതിവാദങ്ങൾ മനസ്സിലേയ്ക്കോടിയെത്തി.

മുഖ്യന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം.കണ്ണനെ വരവേൽക്കുന്നതാണ് വിഷയം.ചർച്ച സ്ത്രീസ്വാതന്ത്ര്യത്തെ ഒരു നിമിഷം ചോദ്യം ചെയ്തപ്പോൾ,അതുവരെ ഒളിഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന താൻ പെട്ടെന്ന് പൊതുവേദിയിൽ പ്രത്യക്ഷയാകേണ്ടി വന്നു,വിധവകൾക്ക്‌ അത്തരം വേദികളിൽ പ്രവേശനം നിഷേധ്യമെന്നതു വിസ്മരിച്ചുകൊണ്ട്‌.തന്നെ കണ്ടതും,ഇടിവെട്ടേറ്റത് പോലെ ഏവരും സ്തബ്ധരായി.ക്രുദ്ധരായി."ഇവൾക്കിവിടെന്തു കാര്യം?" "ഒരു വിധവയുടെ സാന്നിധ്യം അമംഗളകാരകം തന്നെ !" അഭിപ്രായങ്ങൾ പലതുമുയർന്നു; അതുവരെ മൗനികളായിരുന്ന സ്ത്രീകളിൽ നിന്ന് പോലും.

തനിയ്ക്കിനി ഇതു പോലൊരവസരം കിട്ടില്ല.ധൈര്യമാർജിച്ചു കൊണ്ട് പറഞ്ഞു : "ഇന്നുവരെ സമൂഹത്തിന്റെ ചട്ടക്കൂടിൽ ചിറകൊടിഞ്ഞ,നാവിൽ വ്രണം വന്ന പക്ഷിയെപ്പോലെ ഞാൻ ജീവിച്ചത് കണ്ണനെ കാണാൻ മാത്രമാണ്.ഇത്തവണത്തേയ്ക്കു, ഈ ഒരേയൊരു പ്രാവശ്യം,അവസാനമായി...." ഇതും തനിക്ക് നിഷേധിയ്ക്കപ്പെടരുത്.പറയാനാഗ്രഹിച്ചതത്രയും പറയാനായില്ല.ഇല്ല! ആരുടെയും കണ്ണിൽ ദയയുടെ,സഹതാപത്തിന്റെ ഒരു നേർത്ത വെളിച്ചം പോലുമില്ല.നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം ഗ്രാമമുഘ്യന്റെ ശബ്ദമുയർന്നത്‌,ആ പ്രകമ്പനമാകുന്ന ചങ്ങല കൊണ്ട് തന്നെ ബന്ധിയ്ക്കാനായിരുന്നു.ഊഹം തെറ്റിയില്ല. "നമ്മുടെ സംസ്കാരം അനുവദിയ്ക്കുന്നതല്ല ഇന്ദുമുഖിയുടെ ആഗ്രഹം.നിന്റെ വാദത്തെ പിന്താങ്ങാനാരുമില്ല,ഒന്നുമില്ല.കേട്ടുകേൾവി പോലുമില്ലാത്തൊരു കാര്യത്തിനായി നമ്മുടെ പൈതൃകത്തെ ചോദ്യം ചെയ്യാൻ..."

"പൂർത്തിയാക്കണമെന്നില്ല!" താൻ നിന്ന് കത്തുകയാണ്.

"സമൂഹം തീർത്ത ഇരുമ്പഴിയ്ക്കുള്ളിൽ എരിഞ്ഞു തീരാൻ വിധിയ്ക്കപ്പെട്ട ചന്ദനത്തിരികളാണല്ലോ സ്ത്രീകൾ!ലോകർക്കാവശ്യം അതിൻ സുഗന്ധവും സൗകുമാര്യവും മാത്രം.കത്തി ചാമ്പലായ് മണ്ണിനോടൊന്നിയ്ക്കുമ്പോൾ,അത് നാരിയുടെതോ നരിയുടെതോ എന്നറിയുക വിഷമവും. നന്ദി. എന്റെതുൾപ്പെടുന്ന ഒട്ടനേകം സ്ത്രീകളുടെ ജീവിതം കെട്ടുറപ്പില്ലാത്ത ആദർശങ്ങൾക്കും ക്ഷതമേറ്റ അനുഷ്ഠാനങ്ങൾക്കും സമർപ്പിച്ചതിനു,ഒരായിരം നന്ദി!

കരച്ചിലടക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട്‌ വീട്ടിന്നുള്ളിൽ കയറി വാതിലടച്ച തന്നെ അവർ വിളിച്ചത്  'ശാഠ്യക്കാരി', 'ധിക്കാരി', 'ഭ്രഷ്ട് കല്പ്പിക്കേണ്ടതിവളെ!', എന്നിങ്ങനെ.. ഇല്ല, തനിയ്ക്കറിയാം. അവർ തന്നെ പുറത്താക്കില്ല.എന്തു വന്നാലും, സ്വാതന്ത്ര്യം ആ കറുത്ത വിഷക്കുപ്പിയ്ക്ക് പുറത്ത് വിടാതെ,അതിൽ ചാലിച്ച വേദവാക്യങ്ങൾ ഇനിയും ഉരിത്തിരിയും.ജീർണ്ണതകളിൽ നിന്ന് ജീർണ്ണതകളിലേക്ക് വീഴുന്നു,മനുഷ്യമനസ്സുകൾ.

ഒന്നൊഴിയാതെ എല്ലാ അമ്പാടിവാസികളും കൃഷ്ണനെ കാണാൻ,വരവേല്ക്കാൻ പോയിരിയ്ക്കുന്നു.ആ നിമിഷത്തിനു വേണ്ടി മാത്രം കാത്തിരുന്ന താനോ....? കൃഷ്ണാ...നീ.. (അല്ല!! , അങ്ങ് ) അങ്ങറിയുന്നില്ലേ ഒന്നും? അതോ,അറിഞ്ഞില്ലെന്നു ഭാവിക്കുന്നോ? താൻ അടുക്കാനാഗ്രഹിച്ചപ്പോഴൊക്കെ നീ, അല്ല, അങ്ങ് , കണ്ടില്ലെന്നു നടിച്ചു.ഗോകുലത്തിലെ പുൽക്കൊടിയോടുപോലും കഥ പറഞ്ഞിരുന്നിട്ടും എന്നിൽ നിന്ന്  മാത്രം അകന്ന് പോയതെന്തേ?ഒടുവിൽ,മധുരയിലേക്ക് യാത്രയായപ്പോഴും നിന്റെ മുഖം ഒരു നോക്ക് കാണാൻ വരാതിരുന്ന, അതിനു പോലും ശക്തിയില്ലായിരുന്ന ഈ അബലയോട് എന്തിനിത്രയും ക്രൂരത? മനസ്സിന്റെ സങ്കീർണ്ണതകൾ ഇനിയും തനിക്ക് മനസ്സിലായിട്ടില്ല.

കൃഷ്ണനല്ലാതെ മറ്റൊരു പുരുഷനെയും സങ്കല്പ്പിയ്ക്കാൻ കഴിയാതിരുന്ന തന്നെ നിർബന്ധിച്ച് മറ്റൊരാളുടെ ഹ്രസ്വസുമംഗലിയാക്കി, പിന്നീടീ നിമിഷം വരെ വിധവയായ് ജീവിയ്ക്കുകയും ചെയ്തതിന് ഏതീശ്വരനോടാണ് പരാതിപ്പെടുക? ജഗം ദൈവമെന്ന് വാഴ്ത്തുന്ന കൃഷ്ണനോടോ?തന്നെ അറിഞ്ഞിട്ടുണ്ടോ ആരെങ്കിലുമിതുവരെ?

വിധിയേൽപ്പിച്ച പ്രഹരത്തിന്റെ ആഴത്തിലുള്ള മുറിവുകളിൽ തൂലിക കുത്തിയിറക്കി , തന്റെ ച്ചുടുരക്തം മഷിയാക്കി എത്രയോ പുരോഹിതർ ഗ്രന്ഥങ്ങൾ രചിച്ചു! ജീവിതമെന്തെന്ന് മനസ്സിലായപ്പോഴേയ്ക്കും തന്നെ എതിരേറ്റത് അറിവിന്റെ, സ്വാതന്ത്ര്യത്തിന്റെ, പ്രകാശത്തിന്റെ ലോകത്തേയ്ക്കുള്ള അടച്ചിട്ട വാതിലുകളായിരുന്നു.മടക്കാനാകാത്ത കാൽമുട്ടും, വളയാത്ത നട്ടെല്ലുമായ് എന്തിനെന്നെ ഒരു സ്ത്രീയായ് സൃഷ്ടിച്ചു,സർവേശ്വര! എല്ലാം അവാസാനിച്ചു.ഒരു വരി പോലുമെഴുതാത്ത ഓരോലക്കഷണമായ് തന്റെ ജീവിതം അവസാനിയ്ക്കുന്നു?? അല്ല!! ഇനിയും മുമ്പോട്ട്‌ പോകണം.താനാരെന്ന് സ്വയം നിർവചിക്കണം.

എന്നിലെയെന്നിനെ അന്വേഷിച്ചൊരു യാത്ര.എവിടുന്നു വന്നുവോ,അങ്ങോട്ടൊരു മടക്കയാത്ര.ബന്ധങ്ങളും ബന്ധനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട്, ഒരു വിധവ മോക്ഷപ്രാപ്തിയ്ക്കായ്  പോകുന്നു.കേൾക്കുന്നവർ കാർക്കിച്ചു തുപ്പും.എന്തും വരട്ടെ. തന്നെ തരം താഴത്തിയ ഈ സമൂഹത്തിൽ താനിനി വേണ്ട! ആത്മാന്വേഷനവുമായ് എങ്ങോട്ടെങ്കിലും..

എല്ലാം വിട്ടിറങ്ങിയിട്ടു ഇന്നേക്കൊമ്പതാം ദിനം.തടസ്സങ്ങളെ മറികടന്ന് ലക്ഷ്യത്തോടടുക്കാനുള്ള സ്വതസിദ്ധതയെ പ്രശംസിച്ചുകൊണ്ട്, മുന്നോട്ട്. എന്നാൽ കാലുകളുടെ ഗതി കുറയുന്നതറിയുന്നു.മനസ്സ് ചഞ്ചലമാകുന്നു.എന്നോ താൻ കാത്തിരുന്ന നിമിഷം,നിർവൃതിയുടെ നിമിഷം കൈവരുന്നത് പോലെ..

"ഇന്ദു.." സുപരിചിതമായ ആ ശബ്ദത്തിന്നുടവിറം തന്നെ ഞെട്ടിച്ചു. കൃഷ്ണാ...! ഇവിടെ? സന്തോഷമോ സങ്കടമോ, കണ്ണുകൾ നിറയാനാഗ്രഹിയ്ക്കുന്നു.ഓടിയടുക്കാൻ, ആ നെഞ്ചിൽ തല ചായ്ക്കാൻ.... ഇല്ല!!! താനിനിയും സ്ത്രീയുടെ ബലഹീനതകൾക്ക് അടിമപ്പെടാൻ പാടില്ല. രക്തയോട്ടത്തെ ചങ്ങലയ്ക്കിട്ടു.മനസ്സ് ശിഥിലമാക്കി.നിന്നിടത്ത്‌ നിന്നനങ്ങിയില്ല.

'അയാൾ' പുഞ്ചിരിച്ചുകൊണ്ട് അടുത്ത് വന്നു ചോദിച്ചു: "എങ്ങോട്ടാ?"

"ലോകം ഈശ്വരനെന്ന് വാഴ്ത്തുന്ന,എല്ലാമറിയുന്ന നിശ്ചയമില്ലേ ഞാനെങ്ങോട്ടെന്നു?? ലജ്ജാവഹം!"

ഒന്നടങ്കം എല്ലാരോടുമെനിക്ക് തോന്നിയ ദേഷ്യത്തിന്നിരയാവുകയാണ് കൃഷ്ണൻ.പുഞ്ചിരി മായുന്നു.എന്നിട്ടും സ്നേഹഭാവത്തിൽ,

"ഒറ്റയ്ക്ക് നിനക്കെത്ര ദൂരം സഞ്ചരിയ്ക്കാനാവും?നിന്റെ ദൗര്‍ബ്ബല്യം നീ മനസ്സിലാക്കൂ.ഒരിക്കൽ നിന്റെ എല്ലാമായിരുന്ന ഞാനാണ് നിന്നെയിപ്പോൾ വിളിയ്ക്കുന്നത്.വരൂ..."

തന്നെ പരിഹസിയ്ക്കുകയാണ്.തന്നിലെ സ്ത്രീയെ കീഴ്പ്പെടുത്താനുള്ള പാഴ്ശ്രമങ്ങൾ!

"പതിനായിരത്തെട്ടിൽ അവസാനത്തവളായിട്ടായിരിക്കും!!"

പുച്ഛത്തോടെയുള്ള തന്റെ മറുപടി ഇഷ്ടപ്പെടാതെയായിരിക്കും, അയാൾ തുടർന്നു.

"അങ്ങനെയെങ്കിലങ്ങനെ!"

സകല നിയന്ത്രണവും വിട്ട് താൻ,

"ഹേ, മനുഷ്യാ! എന്നെയിത്രയും നാൾ അറിഞ്ഞിട്ടും അറിയാതെ ഭാവിച്ച്, ഒരു നൂറ്റാണ്ട് കൊണ്ടനുഭവിയ്ക്കേണ്ടത് ഈ ചെറുപ്രായത്തിൽ അനുഭവിപ്പിച്ചിട്ട്, ഇനിയും എന്റെ ആത്മാഭിമാനത്തിന് വിലയിടുന്നോ നീ? ഒരിക്കൽ നീയെനിക്കെല്ലാമായിരുന്നു. എന്നാലിന്ന്, ഞാനൊന്നിനും ഒരാൾക്കും അടിമയല്ല, ഇനിയൊരിക്കലും ആവുകയുമില്ല! എന്നെ തടയാനാർക്കുമാവില്ല.നിമിഷനേരം കൊണ്ട് കാമിനികളെ മറക്കുന്ന നിനക്ക് എന്റെ പേരു മറക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.എന്നാൽ, കരൾ പറിച്ചെറിയുന്ന വേദനയോടെ നിന്റെ ഓർമ്മകൾ ഞാനെന്റെ മനസ്സിൽ നിന്നും വിസർജ്ജിയ്ക്കുന്നു.ഇനിയൊരിയ്ക്കലും ആരെയുമോർത്തു ഈ കണ്ണുകൾ നിറയില്ല.പിന്തുടരേണ്ട എന്നെയിനി !"

ഇന്ദുമുഖിയുടെ വാക്കുകൾ ഇവിടെ മുറിയുന്നു.അവൾ നടന്നകലുകയാണ്.ഒരു ബിന്ദുവായ് ചക്രവാളത്തിലലിയുന്നു.

കൃഷ്ണൻ ചിന്തയിലാണ്ടു.മുഖം മേഘാവൃതമായി.ഒരു സ്ത്രീയ്ക്കിത്ര ശക്തിയോ,ദൃഢതയോ? തനിക്ക് വിശ്വസിക്കാനാകുന്നില്ല.സ്ത്രീയെക്കുറിച്ച് താനിത്ര ഗാഢമായ് ചിന്തിച്ചിട്ടില്ല.അതിനാരുമൊരവസരമുണ്ടാക്കിയിട്ടുമില്ല.കേവലമൊരു സ്ത്രീയുടെ മുൻപിൽ വിശ്വേശ്വരന്റെ തല താഴ്‌ന്നത് ലോകരറിയാതിരിയ്ക്കട്ടെ.ഈ തോൽവി ഒരു ചെവിയിലുമെത്താതിരിയ്ക്കട്ടെ.വാനമേ,ഭൗമശക്തികളെ, തളരുന്ന മനസ്സുകൾക്ക് ശക്തി പകരൂ..

"ഒരു കാര്യത്തിൽ മാത്രം നിനക്ക് തെറ്റി,ഇന്ദുമുഖി.. ഇനിയാരെ മറന്നാലും നിന്നെ,നീ പറഞ്ഞ വാക്കുകളെ എനിക്ക് മറക്കാനാവില്ല! "

Monday, September 30, 2013

നിഴലേ വിട!

കാന്റീനിൽ ചായയുടെ ചൂടിൽ സന്ധ്യയുടെ ചെറുതണുപ്പ് ആസ്വദിച്ചു അങ്ങനെ ഇരുന്നു.ഇന്ന് ആരും കൂടെയില്ല.പരിചിതമായ മുഖങ്ങൾ പരതി.ഒരു പുഞ്ചിരി എവിടെയും കാണാനില്ല.


മഴക്കാറു മൂടിയ ആകാശം.ചാരനിറത്തിനു ചുറ്റും നേർത്ത ചുവന്ന വരകൾ. ചായ തണുത്തു പോയിരിക്കുന്നു. എന്റെ കൈകളും.കാറ്റിന്റെ ശക്തിയേറി വരുന്നു.കൈയ്യും കാലും വിടർത്തി,ഒരു പട്ടമായ് പറന്നു പറന്നു,പേരറിയാത്ത ഒരു ദേശത്തിൽ,സമയം നിശ്ചലമായ ഒരു യുഗത്തിലെത്തിചേരാൻ കൊതി.


വയ്യ,ഇനിയും വളരാൻ.വളർന്നു വലുതാകാൻ ,ചിരിയുടെ ശബ്ദം മറക്കാൻ, ഏകാന്തതയുടെ മടിയിൽ കിടന്നുറങ്ങാൻ, എനിക്ക് വയ്യ! ചെറിയ പൊട്ടത്തരങ്ങൾക്ക് ചെവിയും മനസ്സും കൊടുക്കുന്ന പഴയ ഓർമ്മകളെ തിരിച്ചു വിളിക്കണം ഇന്ന്.


ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഒരു നിമിഷം കൊണ്ട് ആകാശം വേഷം മാറി വന്നു.മാറ്റം,ഇത്ര പെട്ടെന്ന്?? 'കുറച്ചുകൂടി കഴിഞ്ഞു പോരായിരുന്നില്ലേ', എന്നാരോട് ചോദിക്കാൻ? കളിപ്പാട്ടങ്ങളും,ബലൂണുമൊക്കെയും കണ്ടുനടക്കുന്ന ഒരു കൊചുകുട്ടിയായ് ഞാൻ.'വേഗം വാ',എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചുവലിക്കുന്ന അമ്മയായ് സമയവും.


ആരുടെയോ പിറന്നാളാണ്."ഹാപ്പി ബെർത്ത്‌ഡേ റ്റു യു,ഹാപ്പി ബെർത്ത്‌ഡേ റ്റു യു,ഹാപ്പി ബെർത്ത്‌ഡേ ഡിയർ വിശാൽ...."

പിറന്നാൾ ഗാനം.പല രാഗത്തിൽ,പല ഈണത്തിൽ തുടങ്ങിയത്, അവസാനമാകുമ്പോൾ ഒത്തുചേരുന്നു,ഒരേ കടലിൽ വീണലിയുന്നു.


അമ്മയുടെ പ്രാണവേദന.പിറന്നാൾ എന്നിലുണർത്തുന്ന ചിത്രം അതാണ്‌.ചാരത്തിൽ നിന്നുമുയർന്നു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ,അമ്മയുടെ വേദനയിൽ നിന്നും മനുഷ്യന്റെ ആദ്യ രോദനം.


ഇരുപതു വർഷങ്ങൾ! ഇരുപതു വർഷങ്ങൾ ഞാനെന്തു ചെയ്തു? ഒരു മാറ്റവും ചുറ്റുമുണ്ടാക്കാതെ,എന്നാൽ ചുറ്റുമുണ്ടായ മാറ്റങ്ങളോടു ചേർന്നുകൊണ്ട്, ജീവിച്ചു.ഇനിയും വളരാൻ എനിക്ക് പേടിയാണ്.ഇനി അങ്ങോട്ട്‌ ചുണ്ടുകൾക്ക് പുഞ്ചിരിയേകുന്നതു,മറ്റൊരു കൂട്ടം കാര്യങ്ങളായിരിക്കും.ഇന്ന് വരെയും തോന്നാത്ത നിഷ്‌കളങ്കത ഇനി നഷ്ടപ്പെടുമായിരിക്കും.അനിശ്ചിതത്വം.അതു മാത്രമേ ഇനിയെന്നെ കാത്തിരിക്കുന്നുള്ളൂ.ഓരോ ചുവടും സംശയത്തോടെ.തെറ്റിയാൽ വീഴുമെന്നറിവോടെ എത്ര ദൂരം? ഇപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയ നിഴൽപോലും ഇപ്പോൾ എന്നിൽ നിന്നകന്നു ആ ചുമരിൽ ചാരിയിരിക്കുന്നു.ചുറ്റും വെളിച്ചം വീഴുമ്പോൾ മാഞ്ഞു പോകുന്നു.


ജീവിതത്തിന്റെ ഒരു ഭാഗം ഇവിടെ മുറിച്ചിട്ടിട്ട് നടന്നു നീങ്ങുന്നു.ഇനിയുമിവിടെ ഇരുന്നുപൊയാൽ ഈ തണുത്ത കോണ്‍ക്രീറ്റ് തറ ഉള്ളിലേക്ക് വലിച്ചെടുക്കും.ഇരുട്ടറയിൽ കൈകാലുകൾ മരവിച്ച്,വെളിച്ചത്തെ,ശബ്ദത്തെ,സ്വാതന്ത്ര്യത്തെ കാത്ത് ...


സംസാരിക്കാനാരുമില്ലാത്തതുകൊണ്ട്  ഓർമിച്ചെടുത്ത വാക്കുകൾ ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞു.വാർത്തൊലിക്കുന്ന മുറിവിൽ നിന്നുമുള്ള ബാഷ്പങ്ങളായ് .ഈ വഴിയിലൂടെ ആരെങ്കിലും,എന്നെങ്കിലും നടന്നു പോകുമ്പോൾ കണ്ടെത്തുമായിരിക്കും.ഇല്ല!തിരിഞ്ഞു നോക്കിയപ്പോൾ ചുവന്ന നീരാവിയായ് അവ ഉയർന്നു പൊങ്ങിയിരുന്നു.മേഘങ്ങളോടു ചേരാൻ,മഴയായ് എങ്ങോ പെയ്യാൻ കാത്തിരുന്നതുപോലെ.


നടന്നു നീങ്ങുമ്പോൾ,കാലിന്റെ നീളം കുറയുന്നു.തേഞ്ഞു തേഞ്ഞു ഇല്ലാതാകുന്നു. നഷ്ടപ്പെട്ട വാക്കുകൾ,അവയിലൂടെ ഇല്ലാതാകുന്ന അഹം.ചുറ്റും പ്രകാശം.കൈകൾ ഫ്ലൂരസന്റ് സ്റ്റിക്കർ പോലെ തിളങ്ങുന്നു,ശരീരത്തിന്റെ അതിർത്തി വ്യക്തമല്ല.പക്ഷെ,നിഴൽ ചെറുതാകുന്നില്ല.ചെറുതായിക്കൊണ്ടിരിക്കുന്ന ശരീരത്തെ നോക്കി നിഴൽ ചിരിക്കുന്നു. ഈ യാത്രയ്ക്കും കൂടി ഞാൻ കൂട്ട് വരാമെന്ന് പറഞ്ഞു കൂടെ നടന്നു.


ട്രെയിനിന്റെ ശബ്ദമടുത്തു കേൾക്കാം.കയ്യിൽ കരുതിയ കുടുക്കിട്ട ഒരു കയർ കഷ്ണം നിഴലിന്നടുത്തെക്ക് നീട്ടി.ഒരു ചെറു പുഞ്ചിരിയോടെ,അത് നിഷേധിച്ചുകൊണ്ട് സ്റ്റേഷനിൽ എന്റെ ഭൂതവുമേന്തി നിൽക്കുന്ന നിഴൽ പറഞ്ഞു, "അടുത്ത പ്രാവശ്യം വരുന്നതു വരെ ഞാൻ കാത്തിരിക്കാം.ഇവിടെ വന്നിറങ്ങുന്ന നിമിഷം മുതൽ ഞാനുണ്ടാകും,പുതിയ മുഖങ്ങളാൽ നിറഞ്ഞ ഈ നഗരത്തിൽ നിനക്ക് കൂട്ടായ്." എന്റെ സഹയാത്രികനോട് യാത്ര പറഞ്ഞ് ട്രെയിനിൽ കയറി.


ബെർത്തിൽ കിടന്നപ്പോൾ കാൽ മറ്റേ വശത്ത് എത്തുന്നില്ല.ഉയരം കുറഞ്ഞിരിക്കുന്നു,ഭാരവും.ഈ നഗരത്തിൽ നഷ്ടപ്പെട്ടതൊക്കെ തേടി ഇനിയും വരേണ്ടി വരുമോ? ഏറ്റവും വലുതായി തോന്നിയ നഷ്ടം എന്നെ കാണുമ്പോൾ മറ്റുള്ളവരുടെ മുഖത്തെ ചിരിയായിരുന്നു.

ഒരു പക്ഷെ,ആരെങ്കിലും എന്നെ നോക്കി ചിരിച്ചുകാണും.ചിരിയെന്തെന്നത് എന്റെ മസ്തിഷ്കം തിരിച്ചറിഞ്ഞു കാണില്ല,എന്റെ നിഴലിന്റേതൊഴിച്ച് !

Wednesday, September 4, 2013

വെറുതെ...

പുസ്തകങ്ങളിൽ കരിയിലകൾ, വാടിയ പൂക്കൾ ജീർണ്ണിച്ച ഓർമ്മകൾ, കൈയ്യക്ഷരത്തിന്റെ പലേ വികൃതികൾ... ഇവയൊക്കെ സൂക്ഷിക്കാൻ വലിയ ഇഷ്ടം. വർഷങ്ങളോളം സൂക്ഷിച്ചു വെച്ചിട്ട് തുറന്നു നോക്കുമ്പോൾ ഉണ്ടായെക്കുന്ന സന്തോഷമറിയാൻ  ദിവസങ്ങൾ കഴിഞ്ഞ് തുറന്നു നോക്കുമായിരുന്നു.ഈ ആകാംക്ഷയുടെ നൂൽബന്ധനം പുസ്തകത്താളുകളിൽ ഒളിപ്പിച്ചു വെച്ച ചെറിയ സന്തോഷങ്ങളെ കാണുമ്പോൾ പൊട്ടിപ്പോകും. രക്തം ചിതറും.ഒരു കുഞ്ഞു നീട്ടൽ, പിന്നെ ശാന്തം!ചെവിയോർക്കുമ്പോൾ ദലമർമ്മരങ്ങൾ.നാസികയിൽ നിശാഗന്ധി വിലസുന്നു.കണ്ണുകളിൽ ഇളനീർ കുഴമ്പിന്റെ പുതുകുളിർമ്മ, കാണാത്ത കാഴ്ചകളിൽ മധുരം നിറയ്ക്കുന്ന നീലിമ.

എന്റെ വസ്തുവകകളായ ഓരോ ഇലയേയും പൂവിനേയും കല്ലിനെയും കണ്ടെത്തിയപ്പോൾ, ദത്തെടുത്തപ്പോൾ തോന്നിയ ആഹ്ലാദം;ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങൾ.മറ്റൊരാളറിയാത്ത രഹസ്യങ്ങൾ. എന്റേതു മാത്രമായ നിമിഷങ്ങൾ. ആരോടും ഒന്നിനും കടപ്പെടാത്ത പാതകൾ, മിഠായികൾ.ഈ പേനയിൽ മഷി നിറച്ചപ്പോൾ, എന്റെ വാക്കുകൾ ഇനി അവയുടെ മാതൃത്വം നിഷേധിക്കുമെന്ന് തോന്നി. ഓരോ വാക്കും,ഓരോ കുത്തും കോമയും ഇനിയീ പോസ്തകത്താളിന്റെത് ;കറുത്ത മഷിയിൽ പതിഞ്ഞത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ വന്ന് വീഴുന്ന ഉൽക്കകൾ!വീഴ്ചയിൽ, ഭൂമിയുടെ ആദ്യചുംബനത്തിൽ പാറും തീപ്പൊരി. പിന്നീട്, വെയിലും മഴയും അങ്ങനെ അഷ്ടവസുക്കളുടെയും പീഡനങ്ങൾക്കകപ്പെട്ടു, യാതനകളുടെ മറവിൽ മാഞ്ഞു പോകുന്ന വ്യക്തിത്വവും.പ്രണയത്തിന്റെ കഥ വേറൊന്നു തന്നെയോ?

Friday, May 18, 2012

ഈ വഴിയിലൂടെ നടന്നുപോകുമ്പോള്‍, ഓര്‍മകള്‍ നക്ഷത്രങ്ങളാവുന്നു.. ഈ ഏകാന്തരാവിന്‍ ശയ്യയില്‍ ഒരു കുഞ്ഞുറങ്ങുന്നതുപോല്‍, നഗരം.. കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ ബള്‍ബുകളഉടെ പുതപ്പിന്‍ ചൂടിലുറങ്ങുന്നീ ഉറക്കമില്ലാ നഗരം..

Sunday, May 13, 2012


ഒരു മഴ  കാണാന്‍ കൊതിക്കുന്നു ഞാന്‍...അതില്‍ ഒരു മഴതുള്ളിയായ് അലിഞ്ഞു ചേരാനും.സൂര്യതാപത്തില്‍ ഭൂമിതന്‍ രക്തബാശ്പങ്ങളാം ഗുല്‍മോഹര്‍ പൂക്കളെ,നിങ്ങളുടെ കുപ്പായത്തിന്‍ നിറം എന്നുള്ള മാകെ  പടരുന്നു.. മാരി തീര്‍ക്കുന്ന താണ്ധവമില്ലിവിടെ ,  ഇടിവെട്ടിന്‍ ഘോര ഗര്ജനവും. ഏതോ ദേവകള്‍ മാന്തിയ പാടുമെന്തി ഈ വാനവും കാര്‍മുകിലിനെ കാത്തു നില്‍പ്പൂ . അറിയുന്നു ഞാനെന്‍ ജന്മനാട്ടിന്‍ സ്പന്ദനം.

എന്‍ മനസ്സിലാകെ ഇപ്പോഴും മഴ തകര്‍ത്തു പെയ്യുന്നു.. സ്വപ്നങ്ങളുടെ ഓര്‍മകളുടെ നനുത്ത മഴ..