കാന്റീനിൽ ചായയുടെ ചൂടിൽ സന്ധ്യയുടെ ചെറുതണുപ്പ് ആസ്വദിച്ചു അങ്ങനെ ഇരുന്നു.ഇന്ന് ആരും കൂടെയില്ല.പരിചിതമായ മുഖങ്ങൾ പരതി.ഒരു പുഞ്ചിരി എവിടെയും കാണാനില്ല.
മഴക്കാറു മൂടിയ ആകാശം.ചാരനിറത്തിനു ചുറ്റും നേർത്ത ചുവന്ന വരകൾ. ചായ തണുത്തു പോയിരിക്കുന്നു. എന്റെ കൈകളും.കാറ്റിന്റെ ശക്തിയേറി വരുന്നു.കൈയ്യും കാലും വിടർത്തി,ഒരു പട്ടമായ് പറന്നു പറന്നു,പേരറിയാത്ത ഒരു ദേശത്തിൽ,സമയം നിശ്ചലമായ ഒരു യുഗത്തിലെത്തിചേരാൻ കൊതി.
വയ്യ,ഇനിയും വളരാൻ.വളർന്നു വലുതാകാൻ ,ചിരിയുടെ ശബ്ദം മറക്കാൻ, ഏകാന്തതയുടെ മടിയിൽ കിടന്നുറങ്ങാൻ, എനിക്ക് വയ്യ! ചെറിയ പൊട്ടത്തരങ്ങൾക്ക് ചെവിയും മനസ്സും കൊടുക്കുന്ന പഴയ ഓർമ്മകളെ തിരിച്ചു വിളിക്കണം ഇന്ന്.
ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഒരു നിമിഷം കൊണ്ട് ആകാശം വേഷം മാറി വന്നു.മാറ്റം,ഇത്ര പെട്ടെന്ന്?? 'കുറച്ചുകൂടി കഴിഞ്ഞു പോരായിരുന്നില്ലേ', എന്നാരോട് ചോദിക്കാൻ? കളിപ്പാട്ടങ്ങളും,ബലൂണുമൊക്കെയും കണ്ടുനടക്കുന്ന ഒരു കൊചുകുട്ടിയായ് ഞാൻ.'വേഗം വാ',എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചുവലിക്കുന്ന അമ്മയായ് സമയവും.
ആരുടെയോ പിറന്നാളാണ്."ഹാപ്പി ബെർത്ത്‌ഡേ റ്റു യു,ഹാപ്പി ബെർത്ത്‌ഡേ റ്റു യു,ഹാപ്പി ബെർത്ത്‌ഡേ ഡിയർ വിശാൽ...."
പിറന്നാൾ ഗാനം.പല രാഗത്തിൽ,പല ഈണത്തിൽ തുടങ്ങിയത്, അവസാനമാകുമ്പോൾ ഒത്തുചേരുന്നു,ഒരേ കടലിൽ വീണലിയുന്നു.
അമ്മയുടെ പ്രാണവേദന.പിറന്നാൾ എന്നിലുണർത്തുന്ന ചിത്രം അതാണ്.ചാരത്തിൽ നിന്നുമുയർന്നു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ,അമ്മയുടെ വേദനയിൽ നിന്നും മനുഷ്യന്റെ ആദ്യ രോദനം.
ഇരുപതു വർഷങ്ങൾ! ഇരുപതു വർഷങ്ങൾ ഞാനെന്തു ചെയ്തു? ഒരു മാറ്റവും ചുറ്റുമുണ്ടാക്കാതെ,എന്നാൽ ചുറ്റുമുണ്ടായ മാറ്റങ്ങളോടു ചേർന്നുകൊണ്ട്, ജീവിച്ചു.ഇനിയും വളരാൻ എനിക്ക് പേടിയാണ്.ഇനി അങ്ങോട്ട് ചുണ്ടുകൾക്ക് പുഞ്ചിരിയേകുന്നതു,മറ്റൊരു കൂട്ടം കാര്യങ്ങളായിരിക്കും.ഇന്ന് വരെയും തോന്നാത്ത നിഷ്‌കളങ്കത ഇനി നഷ്ടപ്പെടുമായിരിക്കും.അനിശ്ചിതത്വം.അതു മാത്രമേ ഇനിയെന്നെ കാത്തിരിക്കുന്നുള്ളൂ.ഓരോ ചുവടും സംശയത്തോടെ.തെറ്റിയാൽ വീഴുമെന്നറിവോടെ എത്ര ദൂരം? ഇപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയ നിഴൽപോലും ഇപ്പോൾ എന്നിൽ നിന്നകന്നു ആ ചുമരിൽ ചാരിയിരിക്കുന്നു.ചുറ്റും വെളിച്ചം വീഴുമ്പോൾ മാഞ്ഞു പോകുന്നു.
ജീവിതത്തിന്റെ ഒരു ഭാഗം ഇവിടെ മുറിച്ചിട്ടിട്ട് നടന്നു നീങ്ങുന്നു.ഇനിയുമിവിടെ ഇരുന്നുപൊയാൽ ഈ തണുത്ത കോണ്‍ക്രീറ്റ് തറ ഉള്ളിലേക്ക് വലിച്ചെടുക്കും.ഇരുട്ടറയിൽ കൈകാലുകൾ മരവിച്ച്,വെളിച്ചത്തെ,ശബ്ദത്തെ,സ്വാതന്ത്ര്യത്തെ കാത്ത് ...
സംസാരിക്കാനാരുമില്ലാത്തതുകൊണ്ട് ഓർമിച്ചെടുത്ത വാക്കുകൾ ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞു.വാർത്തൊലിക്കുന്ന മുറിവിൽ നിന്നുമുള്ള ബാഷ്പങ്ങളായ് .ഈ വഴിയിലൂടെ ആരെങ്കിലും,എന്നെങ്കിലും നടന്നു പോകുമ്പോൾ കണ്ടെത്തുമായിരിക്കും.ഇല്ല!തിരിഞ്ഞു നോക്കിയപ്പോൾ ചുവന്ന നീരാവിയായ് അവ ഉയർന്നു പൊങ്ങിയിരുന്നു.മേഘങ്ങളോടു ചേരാൻ,മഴയായ് എങ്ങോ പെയ്യാൻ കാത്തിരുന്നതുപോലെ.
നടന്നു നീങ്ങുമ്പോൾ,കാലിന്റെ നീളം കുറയുന്നു.തേഞ്ഞു തേഞ്ഞു ഇല്ലാതാകുന്നു. നഷ്ടപ്പെട്ട വാക്കുകൾ,അവയിലൂടെ ഇല്ലാതാകുന്ന അഹം.ചുറ്റും പ്രകാശം.കൈകൾ ഫ്ലൂരസന്റ് സ്റ്റിക്കർ പോലെ തിളങ്ങുന്നു,ശരീരത്തിന്റെ അതിർത്തി വ്യക്തമല്ല.പക്ഷെ,നിഴൽ ചെറുതാകുന്നില്ല.ചെറുതായിക്കൊണ്ടിരിക്കുന്ന ശരീരത്തെ നോക്കി നിഴൽ ചിരിക്കുന്നു. ഈ യാത്രയ്ക്കും കൂടി ഞാൻ കൂട്ട് വരാമെന്ന് പറഞ്ഞു കൂടെ നടന്നു.
ട്രെയിനിന്റെ ശബ്ദമടുത്തു കേൾക്കാം.കയ്യിൽ കരുതിയ കുടുക്കിട്ട ഒരു കയർ കഷ്ണം നിഴലിന്നടുത്തെക്ക് നീട്ടി.ഒരു ചെറു പുഞ്ചിരിയോടെ,അത് നിഷേധിച്ചുകൊണ്ട് സ്റ്റേഷനിൽ എന്റെ ഭൂതവുമേന്തി നിൽക്കുന്ന നിഴൽ പറഞ്ഞു, "അടുത്ത പ്രാവശ്യം വരുന്നതു വരെ ഞാൻ കാത്തിരിക്കാം.ഇവിടെ വന്നിറങ്ങുന്ന നിമിഷം മുതൽ ഞാനുണ്ടാകും,പുതിയ മുഖങ്ങളാൽ നിറഞ്ഞ ഈ നഗരത്തിൽ നിനക്ക് കൂട്ടായ്." എന്റെ സഹയാത്രികനോട് യാത്ര പറഞ്ഞ് ട്രെയിനിൽ കയറി.
ബെർത്തിൽ കിടന്നപ്പോൾ കാൽ മറ്റേ വശത്ത് എത്തുന്നില്ല.ഉയരം കുറഞ്ഞിരിക്കുന്നു,ഭാരവും.ഈ നഗരത്തിൽ നഷ്ടപ്പെട്ടതൊക്കെ തേടി ഇനിയും വരേണ്ടി വരുമോ? ഏറ്റവും വലുതായി തോന്നിയ നഷ്ടം എന്നെ കാണുമ്പോൾ മറ്റുള്ളവരുടെ മുഖത്തെ ചിരിയായിരുന്നു.
ഒരു പക്ഷെ,ആരെങ്കിലും എന്നെ നോക്കി ചിരിച്ചുകാണും.ചിരിയെന്തെന്നത് എന്റെ മസ്തിഷ്കം തിരിച്ചറിഞ്ഞു കാണില്ല,എന്റെ നിഴലിന്റേതൊഴിച്ച് !