IISER Pune-യിൽ എനിക്കൊത്തിരി പ്രിയപ്പെട്ട രണ്ടാത്മാക്കളുണ്ട് . ഇതവർക്ക് വേണ്ടി..
രണ്ടു പേരുണ്ട്. പച്ചനിറമുള്ളവർ. ചുണ്ടുകൾ ചുവന്നത്. കൈകൾ തൂവെള്ള. ദൂരെ നിന്ന് നോക്കുമ്പോൾ രണ്ടായിത്തന്നെ കാണാം.അടുത്ത് വരുന്തോറും ഒന്നായി മാറും. തൊട്ട് നോക്കിയാൽ പോലും രണ്ടെന്നു തോന്നില്ല.
ആ കൈകൾ കൊണ്ട് അവരെന്നെ നോക്കി മന്ദഹസിക്കാറുണ്ടായിരുന്നു .പക്ഷെ, ശബ്ദം..! അതെനിക്കൊർമ്മയില്ല. അവർ സംസാരിച്ചപ്പോളൊക്കെ എന്റെ തലച്ചോറ് കേട്ടത് വെടിയൊച്ചയായിരുന്നു.
രാവിലത്തെ ആദ്യത്തെ സൂര്യരശ്മിയെ പിന്തള്ളി എന്നിലേക്കെത്തിയ ചിരിച്ച കൈകളുണ്ടായിരുന്നു,അവർക്ക്! അവ വീശുമ്പോൾ ഞാനെന്റെ നരച്ച കൈകളിലേക്ക് നോക്കും. വാതം വന്ന് തളർന്നെന്നു ഞാൻ കരുതിയ എന്റെ കൈകൾ ഒരു ദിവ്യാത്ഭുതമെന്ന പോലെ, ആ സന്തോഷം അവർക്ക് മടക്കിക്കൊടുക്കുന്നത് കണ്ട് ഞാനങ്ങനെ എല്ലാ ദിവസവും ഞെട്ടിത്തരിച്ചിരുന്നു.
അവർ നടക്കുന്ന വഴിയിൽ തണലേകാനായ് മരങ്ങൾ നീണ്ട് നീണ്ട് വളർന്നു, പന്തലിച്ചു. ചിലപ്പൊഴൊന്നു വേരറ്റുപോകും വരെ ചലിച്ചു. എന്തിനധികം പറയുന്നു. സൂര്യനുദിക്കുന്നതും നിലാവ് പരക്കുന്നതും അവർക്ക് വഴിവെളിച്ചം ഒരുക്കാനായിരുന്നു.
പെട്ടെന്ന് ചൂട് കൂടിയ ഒരു രാവായിരുന്നു,അന്ന്. അസഹ്യമായ ചൂട്. മുറിക്ക് പുറത്തിറങ്ങി. പുറത്തു കണ്ട മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും, അങ്ങനെ സർവരും നഗ്നർ! മഞ്ഞമേഘങ്ങളാൽ മൂടപ്പെട്ട ആകാശം. ചുടൽക്കാറ്റ് വീശുന്നു,എല്ലായിടവും. നഗ്നരെല്ലാം മഴരാക്ഷസനോട് പ്രാര്ത്ഥിച്ചു. ഇനിയേതു നിമിഷവും മഴ പെയ്യും..മാമഴ!! നഗ്നർ ആശ്വസിച്ചു.
ഇവരിൽ നിന്ന് മാറിനിന്ന പച്ചമനുഷ്യരുടെ കൈകളിലെ ചിരി മങ്ങിയിരുന്നു,അപ്പോൾ. വലത്തേ ഭാഗത്തുള്ള എന്റെ ചങ്ക് അസാധാരണമായി ഓടിപ്പുറപ്പെടാൻ കുതിക്കുന്നത് ഞാനറിഞ്ഞു.എന്റെ ഇടത്തെ നെഞ്ചിൽ കുഴൽ വെച്ച് പരിശോധിച്ച്, ഞാൻ മരിച്ചെന്ന് വിധിയെഴുതിയ മഹാനായ ഡോക്ടറും നഗ്നരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹ!!
എങ്ങുനിന്നും നീരാവി ഉയരാൻ തുടങ്ങി. അതോ, നീരാവി വന്ന് പതിയ്ക്കുകയായിരുന്നോ, മണ്ണിൽ? മഞ്ഞമേഘങ്ങൾ കരയാൻ തുടങ്ങിയിരുന്നു. മഴത്തുള്ളികളുടെ പ്രഹരത്തിന്റെ ചൂടായിരുന്നു, നീരാവിയായി വേഷമിട്ടത്.
നഗ്നരെല്ലാം ഒന്ന് പകച്ചു. ചൂടുമഴ!അടുത്ത നിമിഷാർദ്ധത്തിൽ എല്ലാം ആനന്ദനൃത്തത്തിലാറാടി!! ചൂടുമഴ കൊണ്ട് നഗ്നരെല്ലാം വെളുത്തുപോയി.. അവരുടെ വെളുപ്പും, പച്ചമനുഷ്യരുടെ കൈകളുടെ വെളുപ്പും തമ്മിൽ നൂറു യുഗാന്തങ്ങളുടെ വ്യതിയാനം.
മഴയേറ്റ് പച്ചമനുഷ്യർ അലിയുന്നു, ഒലിച്ചു പോകുന്നു. ആ പച്ച നിറം ഭൂമിയാകെ പടരുന്നു,നിറഞ്ഞൊഴുകുന്നു.. അവരപ്പോഴും എന്നോടെന്തോ പറഞ്ഞു. ഇത്തവണ കേട്ടത് വെടിയോച്ചയല്ല. ഇടിവെട്ട് ! ഘനഗാംഭീര്യമായ ഇടിവെട്ട് ! ചൂടൻ മഴയെ ശപിച്ചുകൊണ്ടുള്ള ഇടിവെട്ട് ! ഇനിയൊലിക്കാൻ അവരുടെ കൈകൾ മാത്രം ബാക്കി. ആകാശത്തേയ്ക്കുയരുന്ന വികൃതമായൊരു ആകാരത്തെ നോക്കി ഞാൻ നിന്നു. ചിരിച്ച് മാത്രം ഞാൻ കണ്ടിട്ടുള്ള ആ തൂവെള്ള കൈകൾ അസ്ഥിയായ് മാറുന്നതും, ആകാശത്തിൽ നിന്നും ഭൂമിയെ മാറോടണയ്ക്കാനെന്ന പോലെ നീട്ടുന്നതും, ഇടിമിന്നലായ് മാറുന്നതും ഞാൻ കണ്ടു.
മഴ മാറി. ഏവരും നഗ്നത മറയ്ക്കാനായോടി. പച്ചയിൽ മുങ്ങിക്കിടന്ന ഭൂമിയുടെ മധ്യത്തിൽ ഒരു ഗുൽമോഹർ പൂവ്. പച്ചമനുഷ്യരുടെ ചുണ്ടാകണം! അതെടുത്ത് ചെവിയോടണച്ചു.. മേഘഗർജ്ജനം!!!
ആ ഞെട്ടലിൽ എന്റെ ഹൃദയം പുറത്തേയ്ക്ക് ചാടി. ഓരോ തവണയും ആ പച്ചമണ്ണിൽ കിടന്ന് അത് സ്പന്ദിച്ചപ്പോൾ.... വെടിപൊട്ടുന്ന ശബ്ദം! േഠ! േഠ! േഠ!
Ellam manasilayi ,,, :)
ReplyDelete
Deleteസാദരം നമസ്കാരം, അളിയാ! :-)
ഗദ്യകാവ്യം നന്നായിരിക്കുന്നു. മുഴുവനായി ഗ്രഹിക്കാൻ കഴ്ഞ്ഞില്ലെങ്കിലും വാക്കുകളുടെ വിന്യാസവും ചാരുതയും ഹൃദ്യമായി. എഴുത്തിന്റെ ഘടന കുറച്ചുകൂടി നന്നാക്കുവാൻ ശ്രമിക്കണം, അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുവാനുള്ളകഴിവ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു, തുടർന്നും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ!
ReplyDeleteഒത്തിരി നന്ദി! നന്നാക്കാൻ തീർച്ചയായും ശ്രമിക്കാം..
ReplyDeleteഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു..
:) എനിക്ക് ഒരുപാടിഷ്ടായി, പ്രത്യേകിച്ച് ഡെഡിക്കെഷൻ പാർട്ട്. നല്ലൊരു വായനാനുഭവം.
ReplyDeleteകാര്യമായി ഒന്നും മനസിലായില്ല....പക്ഷെ വായിച്ചപ്പോൾ എന്തൊക്കെയോ തോന്നി.......നന്നായിട്ടുണ്ട്
ReplyDeleteഓരോരുത്തര്ക്കും അത് അനിവാര്യമാണ്.
ReplyDeleteഅത് നിലവിളിയുടേയും
അലറിക്കരച്ചിലിന്റേയും
വെടിയുണ്ടകളുേടയും
നീരാളികളുേടയും
ലോലോകം
കാല്പനികത - അതിനൊരു കുഴപ്പമുണ്ട് ; വായനക്കാരന്റെ മാനസികനിലയനുസരിച്ചാണ് അതിന്റെ ആസ്വാദ്യത. അവ്യക്തമായ ബിംബങ്ങൾ പൂർണമായി കഥയെ സ്വാംശീകരിക്കുന്നതിൽ നിന്നെന്നെ വിലക്കുന്നു. ഇതിലെ പച്ച മനുഷ്യർ ആരാണ് എന്ന് പിടി കിട്ടിയില്ല,ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകും . പൂർണമായി കാല്പനിക സൃഷ്ടിയാണെങ്കിൽ കുറച്ചു കൂടെ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.
ReplyDeleteആശയവും ആശയാവിഷ്കരണവും കൊള്ളാം. മനസ്സിൽ ദൃശ്യവല്ക്കരിക്കപ്പെടാൻ അപാരമായ സാദ്ധ്യതകൾ ഉള്ള ഒരു ഫ്രെയിം ആണ് ഇത് . അഭിനന്ദനങ്ങൾ.
ആർക്കും എന്തും മനസ്സിന്റെ കാൻവാസിൽ പകർത്താൻ പാകത്തിൽ എഴുതിയതാണ്.. വിജയകരമാവുന്നത് ഒരു വിഷമം പിടിച്ച കാര്യം തന്നെയാണ്.. പക്ഷെ, ആ സ്വാതന്ത്ര്യം വായനക്കാർക്ക് കൊടുക്കുമ്പോളുള്ള ഒരു വെല്ലുവിളിയുണ്ടല്ലോ,അതിനു വേണ്ടിയാണ് ഇതെഴുതിയത്!!
ReplyDeleteഒത്തിരി നന്ദി.. ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. :-)