Tuesday, October 8, 2013

പ്രഥമപ്രതിശ്രുതി

ആശാപൂർണ്ണാ ദേവിയുടെ,ജ്ഞാനപീഠത്തിനർഹമായ ബംഗാളി നോവൽ 'പ്രഥം പ്രതിശ്രുതി'യിലെ നായിക സത്യവതിയുടെ ഓർമ്മക്കായ്‌... 







ഭൂമിയുടെ കർമമണ്ഡലങ്ങളിൽ സാക്ഷിയാവാൻ സൂര്യനൊരുങ്ങുന്നതേയുള്ളൂ.ചീവീടിന്റെ വിറങ്ങലിച്ച ശബ്ദത്തിൽ മാനവികത മയങ്ങുകയാണ്,ഒന്നുമറിയാതെ,എന്നാലെല്ലാമറിയാവുന്ന ഭാവത്തിൽ സുഖനിദ്രയിൽ;യമുനാനദിയുദെ പ്രവാഹം തീർത്ത സംഗീതം കാതോർത്ത് കൊണ്ട്,ഗോകുലവും.

അവളും ഉറങ്ങുകയാണ്‌.സുഷുപ്തിയുടെ അഗാധ ഗർത്തങ്ങളിൽ അവൾ തേടുന്നത്.....? അജ്ഞാതം! ശാന്തഭാവത്തിൽ,സ്വപ്നങ്ങളിൽ അഭയം പ്രാപിയ്ക്കുന്ന ഇവളെ നമുക്ക് ഇന്ദുമുഖിയെന്നു വിളിക്കാം.ഇന്ദുമുഖിയുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്ന അവസാന രാത്രിയവമിത്.ജീവിതത്തിന്റെ,സമൂഹത്തിന്റെ വിഭ്രാന്തികളുടെ റാന്തൽ വെളിച്ചം വീഴുന്ന ഈ മുഖത്തിന്‌ സന്തോഷം പകരാൻ ഈ രാവിനാകുമെങ്കിൽ,നേരം പുലരാതിരിയ്ക്കട്ടെ. മനസ്സ് നിറഞ്ഞു വിരിഞ്ഞു നില്ക്കുന്ന നീലയാമ്പലുകൾ ശ്വേതമുഖനാം പ്രാണനാഥനെ വിട്ടുപിരിയാതിരിയ്ക്കട്ടെ.സൂര്യരശ്മികൾ ഈ മണ്‍തരികളെ പുൽകാതിരിയ്ക്കട്ടെ.നിന്ന് പോകട്ടെ,ഭൂമിയുടെ സ്പന്ദനം!

ജല്പനങ്ങൾക്ക് കാതോർക്കുന്നവളല്ല പ്രകൃതി.നേരം പുലരുന്നു.തൊഴുത്തിലെ പശുക്കളുടെ കരച്ചിൽ കേട്ടവൾ കണ്ണുകൾ വിടർത്തി - ഒരായിരം സ്വപ്‌നങ്ങൾ പേറുന്ന കണ്ണുകൾ.അവയിപ്പോൾ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ്.കണ്ണൻ സൂര്യസ്നാനമഹോത്സവത്തിന് അമ്പാടിയിലെത്തുമിന്നു.അവനെ,അല്ല! അദ്ദേഹത്തെ,ആ ഈശ്വരതുല്യനെ, താനെങ്ങനെ സ്വീകരിക്കും? ആ പ്രഭാവത്തെ താനേതു ഭൂതക്കണ്ണാടിയിലൂടെ സ്വന്തം മനസ്സിൽ കേന്ദ്രീകരിക്കും!

പെട്ടെന്ന് ചിന്തകൾ മരവിച്ചു.തൊണ്ടയിൽ വലിഞ്ഞു മുറുകുന്ന വരൾച്ച...മനസ്സ് വിറയ്ക്കുന്നു.മനസ്സിന്റെ വിഭ്രാന്തിയായിരുന്നു ഇതുവരെ.ഇപ്പോൾ ബുദ്ധിയുടെ ശബ്ദവീചികൾ കേൾക്കാം...വ്യക്തമായി.ഗ്രാമമുഘ്യന്റെ വാക്കുകൾ ചിന്തകളിൽ അലയടിച്ചു : "വിധവയായ ഒരുവൾക്ക്‌ ഉത്സവങ്ങളിലും മറ്റും പങ്കെടുക്കാനാവില്ല.നമ്മുടെ സംസ്കാരത്തെ മറികടക്കാൻ ഒരു സ്ത്രീയും അതിനുപരി,വിധവയുമായ നിനക്ക് സാധിക്കില്ല." മരവിപ്പിന്റെ നരച്ച കരങ്ങൾ ഏതോ ഒരു ശൈത്യഭാവത്തിലേക്ക്  തന്നെ വലിച്ചടിപ്പിയ്ക്കുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേരിലുണ്ടായ വാദിപ്രതിവാദങ്ങൾ മനസ്സിലേയ്ക്കോടിയെത്തി.

മുഖ്യന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം.കണ്ണനെ വരവേൽക്കുന്നതാണ് വിഷയം.ചർച്ച സ്ത്രീസ്വാതന്ത്ര്യത്തെ ഒരു നിമിഷം ചോദ്യം ചെയ്തപ്പോൾ,അതുവരെ ഒളിഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന താൻ പെട്ടെന്ന് പൊതുവേദിയിൽ പ്രത്യക്ഷയാകേണ്ടി വന്നു,വിധവകൾക്ക്‌ അത്തരം വേദികളിൽ പ്രവേശനം നിഷേധ്യമെന്നതു വിസ്മരിച്ചുകൊണ്ട്‌.തന്നെ കണ്ടതും,ഇടിവെട്ടേറ്റത് പോലെ ഏവരും സ്തബ്ധരായി.ക്രുദ്ധരായി."ഇവൾക്കിവിടെന്തു കാര്യം?" "ഒരു വിധവയുടെ സാന്നിധ്യം അമംഗളകാരകം തന്നെ !" അഭിപ്രായങ്ങൾ പലതുമുയർന്നു; അതുവരെ മൗനികളായിരുന്ന സ്ത്രീകളിൽ നിന്ന് പോലും.

തനിയ്ക്കിനി ഇതു പോലൊരവസരം കിട്ടില്ല.ധൈര്യമാർജിച്ചു കൊണ്ട് പറഞ്ഞു : "ഇന്നുവരെ സമൂഹത്തിന്റെ ചട്ടക്കൂടിൽ ചിറകൊടിഞ്ഞ,നാവിൽ വ്രണം വന്ന പക്ഷിയെപ്പോലെ ഞാൻ ജീവിച്ചത് കണ്ണനെ കാണാൻ മാത്രമാണ്.ഇത്തവണത്തേയ്ക്കു, ഈ ഒരേയൊരു പ്രാവശ്യം,അവസാനമായി...." ഇതും തനിക്ക് നിഷേധിയ്ക്കപ്പെടരുത്.പറയാനാഗ്രഹിച്ചതത്രയും പറയാനായില്ല.ഇല്ല! ആരുടെയും കണ്ണിൽ ദയയുടെ,സഹതാപത്തിന്റെ ഒരു നേർത്ത വെളിച്ചം പോലുമില്ല.നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം ഗ്രാമമുഘ്യന്റെ ശബ്ദമുയർന്നത്‌,ആ പ്രകമ്പനമാകുന്ന ചങ്ങല കൊണ്ട് തന്നെ ബന്ധിയ്ക്കാനായിരുന്നു.ഊഹം തെറ്റിയില്ല. "നമ്മുടെ സംസ്കാരം അനുവദിയ്ക്കുന്നതല്ല ഇന്ദുമുഖിയുടെ ആഗ്രഹം.നിന്റെ വാദത്തെ പിന്താങ്ങാനാരുമില്ല,ഒന്നുമില്ല.കേട്ടുകേൾവി പോലുമില്ലാത്തൊരു കാര്യത്തിനായി നമ്മുടെ പൈതൃകത്തെ ചോദ്യം ചെയ്യാൻ..."

"പൂർത്തിയാക്കണമെന്നില്ല!" താൻ നിന്ന് കത്തുകയാണ്.

"സമൂഹം തീർത്ത ഇരുമ്പഴിയ്ക്കുള്ളിൽ എരിഞ്ഞു തീരാൻ വിധിയ്ക്കപ്പെട്ട ചന്ദനത്തിരികളാണല്ലോ സ്ത്രീകൾ!ലോകർക്കാവശ്യം അതിൻ സുഗന്ധവും സൗകുമാര്യവും മാത്രം.കത്തി ചാമ്പലായ് മണ്ണിനോടൊന്നിയ്ക്കുമ്പോൾ,അത് നാരിയുടെതോ നരിയുടെതോ എന്നറിയുക വിഷമവും. നന്ദി. എന്റെതുൾപ്പെടുന്ന ഒട്ടനേകം സ്ത്രീകളുടെ ജീവിതം കെട്ടുറപ്പില്ലാത്ത ആദർശങ്ങൾക്കും ക്ഷതമേറ്റ അനുഷ്ഠാനങ്ങൾക്കും സമർപ്പിച്ചതിനു,ഒരായിരം നന്ദി!

കരച്ചിലടക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട്‌ വീട്ടിന്നുള്ളിൽ കയറി വാതിലടച്ച തന്നെ അവർ വിളിച്ചത്  'ശാഠ്യക്കാരി', 'ധിക്കാരി', 'ഭ്രഷ്ട് കല്പ്പിക്കേണ്ടതിവളെ!', എന്നിങ്ങനെ.. ഇല്ല, തനിയ്ക്കറിയാം. അവർ തന്നെ പുറത്താക്കില്ല.എന്തു വന്നാലും, സ്വാതന്ത്ര്യം ആ കറുത്ത വിഷക്കുപ്പിയ്ക്ക് പുറത്ത് വിടാതെ,അതിൽ ചാലിച്ച വേദവാക്യങ്ങൾ ഇനിയും ഉരിത്തിരിയും.ജീർണ്ണതകളിൽ നിന്ന് ജീർണ്ണതകളിലേക്ക് വീഴുന്നു,മനുഷ്യമനസ്സുകൾ.

ഒന്നൊഴിയാതെ എല്ലാ അമ്പാടിവാസികളും കൃഷ്ണനെ കാണാൻ,വരവേല്ക്കാൻ പോയിരിയ്ക്കുന്നു.ആ നിമിഷത്തിനു വേണ്ടി മാത്രം കാത്തിരുന്ന താനോ....? കൃഷ്ണാ...നീ.. (അല്ല!! , അങ്ങ് ) അങ്ങറിയുന്നില്ലേ ഒന്നും? അതോ,അറിഞ്ഞില്ലെന്നു ഭാവിക്കുന്നോ? താൻ അടുക്കാനാഗ്രഹിച്ചപ്പോഴൊക്കെ നീ, അല്ല, അങ്ങ് , കണ്ടില്ലെന്നു നടിച്ചു.ഗോകുലത്തിലെ പുൽക്കൊടിയോടുപോലും കഥ പറഞ്ഞിരുന്നിട്ടും എന്നിൽ നിന്ന്  മാത്രം അകന്ന് പോയതെന്തേ?ഒടുവിൽ,മധുരയിലേക്ക് യാത്രയായപ്പോഴും നിന്റെ മുഖം ഒരു നോക്ക് കാണാൻ വരാതിരുന്ന, അതിനു പോലും ശക്തിയില്ലായിരുന്ന ഈ അബലയോട് എന്തിനിത്രയും ക്രൂരത? മനസ്സിന്റെ സങ്കീർണ്ണതകൾ ഇനിയും തനിക്ക് മനസ്സിലായിട്ടില്ല.

കൃഷ്ണനല്ലാതെ മറ്റൊരു പുരുഷനെയും സങ്കല്പ്പിയ്ക്കാൻ കഴിയാതിരുന്ന തന്നെ നിർബന്ധിച്ച് മറ്റൊരാളുടെ ഹ്രസ്വസുമംഗലിയാക്കി, പിന്നീടീ നിമിഷം വരെ വിധവയായ് ജീവിയ്ക്കുകയും ചെയ്തതിന് ഏതീശ്വരനോടാണ് പരാതിപ്പെടുക? ജഗം ദൈവമെന്ന് വാഴ്ത്തുന്ന കൃഷ്ണനോടോ?തന്നെ അറിഞ്ഞിട്ടുണ്ടോ ആരെങ്കിലുമിതുവരെ?

വിധിയേൽപ്പിച്ച പ്രഹരത്തിന്റെ ആഴത്തിലുള്ള മുറിവുകളിൽ തൂലിക കുത്തിയിറക്കി , തന്റെ ച്ചുടുരക്തം മഷിയാക്കി എത്രയോ പുരോഹിതർ ഗ്രന്ഥങ്ങൾ രചിച്ചു! ജീവിതമെന്തെന്ന് മനസ്സിലായപ്പോഴേയ്ക്കും തന്നെ എതിരേറ്റത് അറിവിന്റെ, സ്വാതന്ത്ര്യത്തിന്റെ, പ്രകാശത്തിന്റെ ലോകത്തേയ്ക്കുള്ള അടച്ചിട്ട വാതിലുകളായിരുന്നു.മടക്കാനാകാത്ത കാൽമുട്ടും, വളയാത്ത നട്ടെല്ലുമായ് എന്തിനെന്നെ ഒരു സ്ത്രീയായ് സൃഷ്ടിച്ചു,സർവേശ്വര! എല്ലാം അവാസാനിച്ചു.ഒരു വരി പോലുമെഴുതാത്ത ഓരോലക്കഷണമായ് തന്റെ ജീവിതം അവസാനിയ്ക്കുന്നു?? അല്ല!! ഇനിയും മുമ്പോട്ട്‌ പോകണം.താനാരെന്ന് സ്വയം നിർവചിക്കണം.

എന്നിലെയെന്നിനെ അന്വേഷിച്ചൊരു യാത്ര.എവിടുന്നു വന്നുവോ,അങ്ങോട്ടൊരു മടക്കയാത്ര.ബന്ധങ്ങളും ബന്ധനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട്, ഒരു വിധവ മോക്ഷപ്രാപ്തിയ്ക്കായ്  പോകുന്നു.കേൾക്കുന്നവർ കാർക്കിച്ചു തുപ്പും.എന്തും വരട്ടെ. തന്നെ തരം താഴത്തിയ ഈ സമൂഹത്തിൽ താനിനി വേണ്ട! ആത്മാന്വേഷനവുമായ് എങ്ങോട്ടെങ്കിലും..

എല്ലാം വിട്ടിറങ്ങിയിട്ടു ഇന്നേക്കൊമ്പതാം ദിനം.തടസ്സങ്ങളെ മറികടന്ന് ലക്ഷ്യത്തോടടുക്കാനുള്ള സ്വതസിദ്ധതയെ പ്രശംസിച്ചുകൊണ്ട്, മുന്നോട്ട്. എന്നാൽ കാലുകളുടെ ഗതി കുറയുന്നതറിയുന്നു.മനസ്സ് ചഞ്ചലമാകുന്നു.എന്നോ താൻ കാത്തിരുന്ന നിമിഷം,നിർവൃതിയുടെ നിമിഷം കൈവരുന്നത് പോലെ..

"ഇന്ദു.." സുപരിചിതമായ ആ ശബ്ദത്തിന്നുടവിറം തന്നെ ഞെട്ടിച്ചു. കൃഷ്ണാ...! ഇവിടെ? സന്തോഷമോ സങ്കടമോ, കണ്ണുകൾ നിറയാനാഗ്രഹിയ്ക്കുന്നു.ഓടിയടുക്കാൻ, ആ നെഞ്ചിൽ തല ചായ്ക്കാൻ.... ഇല്ല!!! താനിനിയും സ്ത്രീയുടെ ബലഹീനതകൾക്ക് അടിമപ്പെടാൻ പാടില്ല. രക്തയോട്ടത്തെ ചങ്ങലയ്ക്കിട്ടു.മനസ്സ് ശിഥിലമാക്കി.നിന്നിടത്ത്‌ നിന്നനങ്ങിയില്ല.

'അയാൾ' പുഞ്ചിരിച്ചുകൊണ്ട് അടുത്ത് വന്നു ചോദിച്ചു: "എങ്ങോട്ടാ?"

"ലോകം ഈശ്വരനെന്ന് വാഴ്ത്തുന്ന,എല്ലാമറിയുന്ന നിശ്ചയമില്ലേ ഞാനെങ്ങോട്ടെന്നു?? ലജ്ജാവഹം!"

ഒന്നടങ്കം എല്ലാരോടുമെനിക്ക് തോന്നിയ ദേഷ്യത്തിന്നിരയാവുകയാണ് കൃഷ്ണൻ.പുഞ്ചിരി മായുന്നു.എന്നിട്ടും സ്നേഹഭാവത്തിൽ,

"ഒറ്റയ്ക്ക് നിനക്കെത്ര ദൂരം സഞ്ചരിയ്ക്കാനാവും?നിന്റെ ദൗര്‍ബ്ബല്യം നീ മനസ്സിലാക്കൂ.ഒരിക്കൽ നിന്റെ എല്ലാമായിരുന്ന ഞാനാണ് നിന്നെയിപ്പോൾ വിളിയ്ക്കുന്നത്.വരൂ..."

തന്നെ പരിഹസിയ്ക്കുകയാണ്.തന്നിലെ സ്ത്രീയെ കീഴ്പ്പെടുത്താനുള്ള പാഴ്ശ്രമങ്ങൾ!

"പതിനായിരത്തെട്ടിൽ അവസാനത്തവളായിട്ടായിരിക്കും!!"

പുച്ഛത്തോടെയുള്ള തന്റെ മറുപടി ഇഷ്ടപ്പെടാതെയായിരിക്കും, അയാൾ തുടർന്നു.

"അങ്ങനെയെങ്കിലങ്ങനെ!"

സകല നിയന്ത്രണവും വിട്ട് താൻ,

"ഹേ, മനുഷ്യാ! എന്നെയിത്രയും നാൾ അറിഞ്ഞിട്ടും അറിയാതെ ഭാവിച്ച്, ഒരു നൂറ്റാണ്ട് കൊണ്ടനുഭവിയ്ക്കേണ്ടത് ഈ ചെറുപ്രായത്തിൽ അനുഭവിപ്പിച്ചിട്ട്, ഇനിയും എന്റെ ആത്മാഭിമാനത്തിന് വിലയിടുന്നോ നീ? ഒരിക്കൽ നീയെനിക്കെല്ലാമായിരുന്നു. എന്നാലിന്ന്, ഞാനൊന്നിനും ഒരാൾക്കും അടിമയല്ല, ഇനിയൊരിക്കലും ആവുകയുമില്ല! എന്നെ തടയാനാർക്കുമാവില്ല.നിമിഷനേരം കൊണ്ട് കാമിനികളെ മറക്കുന്ന നിനക്ക് എന്റെ പേരു മറക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.എന്നാൽ, കരൾ പറിച്ചെറിയുന്ന വേദനയോടെ നിന്റെ ഓർമ്മകൾ ഞാനെന്റെ മനസ്സിൽ നിന്നും വിസർജ്ജിയ്ക്കുന്നു.ഇനിയൊരിയ്ക്കലും ആരെയുമോർത്തു ഈ കണ്ണുകൾ നിറയില്ല.പിന്തുടരേണ്ട എന്നെയിനി !"

ഇന്ദുമുഖിയുടെ വാക്കുകൾ ഇവിടെ മുറിയുന്നു.അവൾ നടന്നകലുകയാണ്.ഒരു ബിന്ദുവായ് ചക്രവാളത്തിലലിയുന്നു.

കൃഷ്ണൻ ചിന്തയിലാണ്ടു.മുഖം മേഘാവൃതമായി.ഒരു സ്ത്രീയ്ക്കിത്ര ശക്തിയോ,ദൃഢതയോ? തനിക്ക് വിശ്വസിക്കാനാകുന്നില്ല.സ്ത്രീയെക്കുറിച്ച് താനിത്ര ഗാഢമായ് ചിന്തിച്ചിട്ടില്ല.അതിനാരുമൊരവസരമുണ്ടാക്കിയിട്ടുമില്ല.കേവലമൊരു സ്ത്രീയുടെ മുൻപിൽ വിശ്വേശ്വരന്റെ തല താഴ്‌ന്നത് ലോകരറിയാതിരിയ്ക്കട്ടെ.ഈ തോൽവി ഒരു ചെവിയിലുമെത്താതിരിയ്ക്കട്ടെ.വാനമേ,ഭൗമശക്തികളെ, തളരുന്ന മനസ്സുകൾക്ക് ശക്തി പകരൂ..

"ഒരു കാര്യത്തിൽ മാത്രം നിനക്ക് തെറ്റി,ഇന്ദുമുഖി.. ഇനിയാരെ മറന്നാലും നിന്നെ,നീ പറഞ്ഞ വാക്കുകളെ എനിക്ക് മറക്കാനാവില്ല! "

7 comments:

  1. ഒരുപാട് സന്തോഷം!! :-)

    ReplyDelete
  2. വായനക്കാരന്റെ മനസ് വാക്കുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന രീതിയിലുള്ള മനോഹരമായ രചന...കഥാപാത്രങ്ങളെ വായനക്കാരനില്‍ അവശേഷിപ്പിക്കാനുള്ള കഴിവ് ഈ കഥയിലുണ്ട്..good.
    keep writing

    ReplyDelete
  3. കഥ എഴുതിയപ്പോഴും മനസ്സിൽ കഥാപാത്രങ്ങളെ വരച്ചുണ്ടാക്കിയപ്പോഴും വല്ലാത്തൊരു...എന്താ പറയ്യാ,ഒരു തരം അകപ്പെടൽ,നിമഗ്നത തോന്നിയിരുന്നു.സംഭവങ്ങളൊക്കെ നേരിട്ട് കണ്ടതും കേട്ടതുമായി തോന്നി.അത് കടലാസിലേക്ക് പകർത്തി...
    താങ്കൾക്ക് അങ്ങനെയൊക്കെ തോന്നിയതിൽ ഒരുപാടു സന്തോഷം!!
    ഇതൊക്കെ വായിക്കുമ്പോഴാണ് എഴുതുന്നത്‌ മൊത്തത്തിൽ ചവറല്ല എന്ന് തോന്നുന്നത്. :-)

    ReplyDelete
  4. Very Nice... :) കൃഷ്ണൻ ഒരു സാദാരണ മനുഷ്യൻ തന്നെയാണ്.ഒരു diplomat um,അതിലുപരി ഒന്നുമല്ല.
    സന്തോഷം ! നല്ല കഥ.ഇനിയും നല്ല രചനകൽ ഉണ്ടാകട്ടെ !:)

    ReplyDelete
  5. നന്ദി രവീന്ദ്രാ.. ഒരുപാട് സന്തോഷം! :-)
    കൃഷ്ണനോടുള്ള ചെറുപ്പത്തിലെ ഭക്തി, തിരിച്ചറിവായപ്പോൾ ചെറിയ തോതിലുള്ള ദേഷ്യവും അമർഷവുമൊക്കെയായി. അവസാനം അത് ഇങ്ങനെയൊരു കഥയായാണ് പരിണമിച്ചത്‌.

    ReplyDelete
  6. അടിച്ചമർത്തപെടുന്ന പെണ്ണിന്റെ വേദനയും നിസ്സഹായതയും പുരാണത്തിന്റെ സഹായത്തോടെ ,സേഫ് ആയിട്ട് പറഞ്ഞു വെച്ചിരിക്കുന്നു ....
    വളരെ നന്നായിട്ടുണ്ട് :)

    ReplyDelete